2014, ജൂൺ 7, ശനിയാഴ്‌ച



                                         സ്കൂൾ തുറന്ന ദിവസം
 
മിനിക്കഥ 

വീട്ടിൽ നിന്നിറങ്ങുമ്പോൾ തന്നെ അമ്മ കണ്ണനോട് പറഞ്ഞു.
" മോനെ ,,കരയരുത് ട്ടോ ..അവടെ കൊറേ കുട്ടികള് ണ്ടാവും മോന് കൂട്ടിന് .."
അവൻ ഇല്ലെന്നു തലയാട്ടി ..
എനിക്കാണെങ്കിൽ ഇന്ന് ലീവെടുക്കാനും പറ്റാത്ത ദിവസമാണ് ...അത്ര തെരക്കാണ് ഓഫീസിൽ ...അതറിഞ്ഞുകൊണ്ട് തന്നെയാവണം ലത പറഞ്ഞു ...
" ഏട്ടൻ ഞങ്ങളെ സ്കൂളിൽ വിട്ടിട്ടു പൊയ്ക്കൊള്ളു ..ഇന്നാദ്യ ദിവസല്ലേ ...കഴിയുമ്പോ ഞാൻ ഓട്ടോയെങ്ങാനും വിളിച്ചു വന്നോളാം "

കാർ പുറത്തിടെണ്ടിവന്നു...അത്രയധികം വണ്ടികളുണ്ടായിരുന്നു സ്കൂൾ കോമ്പൌണ്ടിൽ
എത്ര വിപുലമായ രീതിയിലാണ് കുട്ടികളെ സ്വീകരിക്കാനായി സ്കൂൾ അലങ്കരിചിരിക്കുന്നത് ....
ഇതൊന്നുമില്ലാതിരുന്ന എന്റെ പഠനകാലത്തെ ഇതേ സ്കൂൾമുറ്റം ....മനസ്സിലേക്കോടി വന്നു ....
ധരിക്കാനായി ഒരു നല്ല വസ്ത്രം പോലുമില്ലാതിരുന്ന കാലം .....
ഇന്നിവിടെ യൂണിഫോമായി, സ്കൂൾബസ്സായി , പുതിയ കെട്ടിടങ്ങളായി .....എത്രയധികം മാറിയിരിക്കുന്നു.
 ക്ലാസ്സിനടുത്തെത്തിയപോഴേക്കും ടീച്ചർ വന്ന്  മോനെ കൈപിടിച്ച് ക്ഷണിച്ചു.
ലതയെ നോക്കി ടീച്ചർ  ചോദിച്ചു
" എന്താ മോന്റെ പേര് ?"
" ജയകൃഷ്ണൻ " ഞാനാണ് ഉത്തരം പറഞ്ഞത് .
ക്ലാസ്സിനുള്ളിൽ ഇരുപത്തിഅഞ്ചോളം കുട്ടികളുണ്ടായിരുന്നു.
ചില അവരുടെ അമ്മമാരേ നോക്കി ഉച്ചത്തിൽ കരയുന്നു.... മറ്റു ചില കുട്ടികൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവരുടെ മാതാപിതാക്കളെ തിരയുന്നു..
അമ്മമാരാകട്ടെ .....ക്ലാസ്സിന്റെ ചുമരിനപ്പുറം കുഞ്ഞുകളുടെ കരച്ചിൽ കാണാനാകാതെ ഒളിഞ്ഞു മാറി നില്ക്കുന്നു.
കുട്ടികളോട് ഉച്ചത്തിൽ സംസാരിക്കുന്ന ടീച്ചറിന്റെ ശബ്ദം ഇപ്പോഴേ അടഞ്ഞിരിക്കുന്നു ..പാവം.
മോനിപ്പോ കരയും എന്ന് തോന്നിയത്കൊണ്ടാവണം ലത ഞങ്ങൾ ഇവിടെ തന്നെയുണ്ട്‌ എന്ന രീതിയിൽ വാതിലിനു സമീപത്തായി തന്നെ നിന്നു.
ഞാൻ ക്ലാസിനകമാകെ ഒന്ന് കണ്ണോടിച്ചു.
പത്തോളം ബഞ്ചുകളും ഡസ്കുകളും...എല്ലാം ഏകദേശം നിറവായിരിക്കുന്നു..
കുട്ടികൾ കരച്ചിൽ നിര്ത്തിയിട്ടില്ല ...ചിലർ എങ്ങലടിക്കുന്നു...
കുട്ടികളുടെ കരച്ചിൽ എനിക്ക് പണ്ടേ വളരെ വിഷമമുണ്ടാക്കുന്ന കാഴ്ചയാണ് ...
അവരുടെ കരച്ചിൽ  എനിക്ക് സഹിക്കാൻ കഴിയില്ല..
അഞ്ചാമത്തെ ബെഞ്ചിലിരിക്കുന്ന ആ കുട്ടിയെ ഞാനപ്പോഴാണ് ശ്രദ്ധിച്ചത് ..
അവൻ മാത്രം കരയുന്നില്ല ....അവനാകട്ടെ കരയുന്ന കുട്ടികളുടെ മുഖത്തേക്കും നോക്കിയിരിക്കുകയാണ് ...
അവന്റെ മുഖത്ത് ഒരു നിസ്സംഗഭാവമാണ് കാണാൻ കഴിയുന്നത്‌ ...
എനിക്ക് വളരെ അത്ഭുതം തോന്നി..
ഞാൻ ലതയെ വിളിച്ചു അവനെ കാണിച്ചു കൊടുത്തു ...
ഞാനവന്റെ അരികിലേക്ക് ചെന്നു.
എന്നെ കണ്ടിട്ടും അവനു യാതൊരു ഭാവഭേദവും ഇല്ല..
" എന്താ മോന്റെ പേര്? "
" രാഹുൽകൃഷ്ണ " പെട്ടെന്ന് തന്നെയായിരുന്നു മറുപടി..
" നല്ല പേരാണല്ലോ " ആണെന്നോ അല്ലെന്നോ ഒന്നും അവൻ പറഞ്ഞില്ല.
" മോൻ നല്ല കുട്ടിയായി കരയാതിരിക്കുന്നുണ്ടല്ലോ ...ഗുഡ്ബോയ്‌ ..."
അതിനും അവൻ മറുപടിയൊന്നും പറഞ്ഞില്ല ...
ഇനി എന്തു ചോദിക്കും എന്നറിയാതെ ഞാൻ കുഴങ്ങുകയായിരുന്നു .. കാരണം മോനെ പോലെ അത്ര പെട്ടെന്ന് ഇണങ്ങുന്നവനല്ല എന്ന് മനസ്സിലായി...എന്നാലും തോറ്റുപോകരുതല്ലോ .....
" മോന് സ്കൂളും കൂട്ടുകാരേം ഒക്കെ നല്ല ഇഷ്ട്ടായീല്ലേ ...അതല്ലേ മോൻ കരയാതെ നല്ല കുട്ടിയായി ഇരിക്കുന്നത് ..ഗുഡ് .."
ഞാനവന്റെ ചുമലിൽ തട്ടിക്കൊണ്ടു പറഞ്ഞു ...
അവൻ അതിന്റെ മറുപടിയെന്നോണം അല്ലെന്നു തലയാട്ടി ....അപ്പോഴും അവന്റെ മുഖത്ത് ഒരു എകാന്തഭാവമായിരുന്നു..
" പിന്നേ...? " ഞാൻ ആകാംക്ഷയോടെ അവനോടു ചോദിച്ചു....
" ഞാൻ കരഞ്ഞാലും കാര്യല്ല്യ ....ആരും വരില്ല്യ ....." അവൻ എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു ....
അതെന്താണെന്ന് ചോദിക്കുന്നതിനുമുന്നേ തന്നെ അവൻ പറഞ്ഞു ...
" ന്റചൻ ദുബായിലാ ...അമ്മ കാലത്ത് ജോലിക്കും പോയി .... മ്മ ഞി അഞ്ചുമണിക്കെ വരൂ ..."
പാവം കുട്ടി ...ഇപ്പോഴേ സാഹചര്യങ്ങൾ മനസ്സിലാക്കാൻ പഠിച്ചു തുടങ്ങിയിരിക്കുന്നു ..
അവനെ കെട്ടിപിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നി ...
മുന്നിലെ ബെഞ്ചിൽ ഇരിക്കുകയായിരുന്ന മോനെ ഞാൻ രാഹുലിന്റെ അടുത്തു കൊണ്ടിരുത്തി.
അവനു ഒന്നാം ബെഞ്ച് വേണ്ട ....ഈ അഞ്ചാം ബെഞ്ച് മതി ....
ഞാനെന്തൊക്കെയാണ് ചെയ്യുന്നതെന്നറിയാതെ ലത അത്ഭുതപെട്ട് നില്ക്കുകയായിരുന്നു...
അപ്പോഴേക്കും മണിയടിച്ചു ......
ഞങ്ങൾ ക്ലാസിനു പുറത്തിറങ്ങി ....
കുട്ടികളുടെ ആരവങ്ങൾ കുറഞ്ഞ്  കുറഞ്ഞ്  അത് പ്രാർത്ഥനയിൽ ലയിക്കുകയായിരുന്നു ....

മണികണ്ഠൻ കിഴക്കൂട്ട് , ചേർപ്പ്‌ .